കേരളം
മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചു; ഇനിയും 16 കോടി രൂപ വേണമെന്ന് മാനേജ്മെന്‍റ്
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് കൂടി ശമ്പളം ലഭിച്ചുവെങ്കിലും കാഷ്വൽ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥർക്കും ഇനി ശമ്പളം കിട്ടാനുള്ളത്. ഇതിനായി 16 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.
കെഎസ്ആർടിസിയില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഇനിയും മെയ് മാസത്തിലെ ശമ്പളം നല്‍കി കഴിഞ്ഞിട്ടില്ല. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ടായിരുന്നു സിഐടിയു പ്രവര്‍ത്തകരുടെ ഇന്നത്തെ പ്രതിഷേധം. എല്ലാ ജീവനക്കാർക്കും ശമ്പളം കിട്ടാതെ ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിൽ കയറ്റില്ലെന്ന് ഐഎൻടിയുസിയും പ്രഖ്യാപിച്ചു. ഇന്ന് കെഎസ്ആർടിസി ആസ്ഥാനത്തെത്തിയ ഓഫീസർമാരെ സിഐടിയു-ഐഎൻടിയുസി പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു.
ഉപരോധസമരം, നിരാഹാര സത്യഗ്രഹം, ചീഫ് ഓഫീസ് വളയൽ എന്നിങ്ങനെ കഴിഞ്ഞ 22 ദിവസമായി പ്രതിഷേധത്തിന്‍റെ അടവുകൾ പലതും പയറ്റിയിട്ടും മാനേജ്മെന്റിന് കുലുക്കമില്ല. സമരം തുടങ്ങിയതിൽ പിന്നെ സിഎംഡി, കെഎസ്ആർടിസി ഓഫീസിൽ കാലുകുത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് നോക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഡി ഓഫീസിന് ഭരണാനുകൂല സംഘടന തന്നെ നേരിട്ടിറങ്ങി മനുഷ്യപ്പൂട്ടിട്ടത്.
മുതിർന്ന നേതാക്കൾ രാപ്പകൽ ഓഫീസിന് മുന്നിൽ കുത്തിയിരിക്കും. ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസീൽ കയറ്റില്ലെന്ന് ഐഎൻടിയുസിയും സിഐടിയുവും പ്രഖ്യാപിച്ചിരുന്നു. രാവിലെ ചീഫ് ഓഫീസിലെത്തിയവരെ പ്രവർത്തകർ തടഞ്ഞ് മടക്കി അയച്ചു. വരുമാനം കൂടിയിട്ടും കോടതി നിർദ്ദശം വരെ വന്നിട്ടും ജീവനക്കാരെ മനപ്പൂർവ്വം തഴയുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
എന്നാൽ സർക്കാറിന്റെ അധിക സഹായമില്ലാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്റ് പറയുന്നത്. ശമ്പളമടക്കമുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മന്ത്രി വിളിച്ച യോഗം മറ്റന്നാളാണ്. എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരമായില്ലെങ്കിൽ സംഘടനാഭേദമില്ലാതെ പണിമുടക്കിലേക്ക് പൊകാനാണ് യൂണിയനുകളുടെ ആലോചന. ശമ്പള പ്രശ്നം ചൂണ്ടിക്കാട്ടി 29 ന് ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എഐടിയുസി അറിയിച്ചു.