കേരളം
ചെറുകിട ജലസേചന പദ്ധതിയുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി
വൈദ്യുതി ബില്ലിലെ കുടിശ്ശിക മുടങ്ങിയതിന്‍റെ പേരിൽ ചെറുകിട ജലസേചന പദ്ധതിയുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി. എറണാകുളം കറുകപ്പിള്ളി ജലസേചന പദ്ധതി രണ്ടാഴ്ച മുടങ്ങിയതോടെ ഐക്കരനാട്, പുത്തൃക്ക പഞ്ചായത്തിലെ നാട്ടുകാർ പ്രതിസന്ധിയിലാണ്. ഫണ്ട് ലഭ്യമാകാത്തതിനാൽ പല സ്ഥലങ്ങളിലും കുടിശ്ശിക ഉണ്ടെന്നും പ്രശ്നം പരിഹരിക്കാൻ ഉന്നതതല ഇടപെടൽ തുടങ്ങിയതായും ജലസേചന വകുപ്പ് പ്രതികരിച്ചു.
കർക്കിടക മാസത്തിൽ പ്രതീക്ഷിച്ച മഴയൊന്നും എവിടെയുമില്ല. കൃഷിയ്ക്കും,വീടുകളിലേക്കും സാധാരണ ഈ സമയത്ത് ലഭ്യമാകുന്നതിനേക്കാൾ കൂടുതൽ വെള്ളം വേണ്ട അവസ്ഥയുമാണ്. ഇതിനിടയിലാണ് എറണാകുളം കോലഞ്ചേരി മേഖലയിലെ പ്രധാന ജലസേചന പദ്ധതിയായ കറുകപ്പിള്ളി പമ്പിംഗ് മുടങ്ങിയത്. മാസങ്ങളായി ജലസേചന വകുപ്പ് കുടിശ്ശിക വരുത്തിയതോടെ കെ എസ് ഈ ബി ഫ്യൂസ് ഊരിയതാണ് കാരണം.
മൂവാറ്റുപുഴയാറിന് തീരത്തെ പ്രധാന ജലസേചന പദ്ധതിയാണ്. പമ്പിംഗ് മുടങ്ങിയതോടെ ഐക്കരനാട്, പുത്തൃക്ക തുടങ്ങി പല പ്രദേശങ്ങളും വരണ്ട അവസ്ഥയിലാണ്. വിളകൾ ഉണങ്ങി നശിക്കാൻ തുടങ്ങിയെന്ന് കർഷകർ പറയുന്നു. പരാതി പറഞ്ഞിട്ടും രണ്ട് സർക്കാർ സംവിധാനങ്ങളും അന്യോന്യം ന്യായങ്ങൾ നിരത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മൂന്ന് മോട്ടോറുകൾ തുടർച്ചയായി 20 മണിക്കൂറെങ്കിലും പമ്പ് ചെയ്താൽ വെള്ളം എല്ലായിടത്തും എത്തും. ചെറിയ കനാൽ വഴിയാണ് ഓരോ പ്രദേശത്തും വെള്ളമെത്തുന്നത്. കറുകപ്പിള്ളി കൂടാതെ പെരുമ്പാവൂർ കണ്ടന്തറിയിലും പമ്പിംഗ് ഇതേ കാരണങ്ങൾ കൊണ്ട് മുടങ്ങിയിരുന്നു. കാലാവസ്ഥ ഈ രീതിയിൽ തുടർന്നാൽ കഠിനമാകുമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, പലതവണ നോട്ടീസ് നൽകിയിട്ടും അനുകൂലനടപടി ഇല്ലാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയതെന്നാണ് കെ എസ് ഈ ബിയുടെ വാദം. കുടിശ്ശിക കുന്നുകൂടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കെ എസ് ഈ ബിയുടെ നിലപാട്.