കേരളം
വൈദ്യുതി ബില്‍ അടച്ചില്ല; മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി
മട്ടന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ഏപ്രില്‍, മേയ് മാസങ്ങളിലെ ബില്‍ തുകയായ 52,820 രൂപയാണ് കുടിശിക. ജൂണ്‍ 27നായിരുന്നു തുക അടയ്ക്കാനുള്ള അവസാന തീയതി. ഇതുവരെ പണമടയ്ക്കാത്ത സാഹചര്യത്തിലാണ് മട്ടന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചത്. ഇതോടെ, ഓഫിസ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. തുക അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ ഇതു മൂന്നാം തവണയാണ് ഇവിടെ ഫ്യൂസ് ഊരുന്നത്.
കണ്ണൂര്‍ ജില്ലയിലെ എഐ ക്യാമറകളുടെയും നിരീക്ഷണവും മറ്റും നടത്തുന്നത് ഇവിടെയാണ്. തലശ്ശേരി, കണ്ണൂര്‍, ഇരിട്ടി താലൂക്കുകളിലായി ഓടുന്ന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ വാഹനം ചാര്‍ജ് ചെയ്യുന്നതും ഇവിടെ നിന്നാണ്. മട്ടന്നൂരിലെ ഓഫീസില്‍ ലഭിക്കുന്ന വൈദ്യുതി ബില്‍ ജില്ലാ ആര്‍ടിഒയ്ക്കു കൈമാറുകയും അതു തിരുവനന്തപുരത്ത് നിന്ന് അനുമതി നല്‍കി തിരിച്ചു കണ്ണൂരില്‍ എത്തുകയും വേണം. അതിനു ശേഷമാണ് മട്ടന്നൂരിലെ ഓഫീസിലേക്ക് ചെക്ക് എത്തുന്നത്. തുടര്‍ന്ന് കെഎസ്ഇബിക്ക് കൈമാറുകയാണു പതിവ്.
പുതിയ ഓഫിസ് ആയതിനാല്‍ ഇടപാടുകള്‍ നടത്താന്‍ ട്രഷറി അക്കൗണ്ടില്ല. ആവശ്യമായ തുക നാളെ ലഭിക്കുമെന്നാണു കരുതുന്നതെന്നും കുടിശിക തീര്‍ക്കുമെന്നും ആര്‍ടിഒ അറിയിച്ചു.