കേരളം
കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
കോഴിക്കോട് മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ മറ്റാർക്കും രോഗലക്ഷങ്ങൾ കണ്ടെത്തിയിട്ടില്ല. ഈ മാസം ആദ്യം മായാനാട് ഭാഗത്ത് മൂന്ന് പേർക്ക് ഷിഗല്ല ബാധിച്ചിരുന്നു. ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
പനി,വയറുവേദന, ഛർദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷി?ഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ഷി?ഗല്ല കുടലിനെയാണ് ബാധിക്കുന്നത്. കുടലിൽ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാർത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാൽ പിന്നീട് ഇതിൽ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.