കേരളം
കോഴിക്കോട് കെട്ടിട നമ്പർ ക്രമക്കേട് കേസ്, രണ്ട് ഉദ്യോഗസ്ഥരടക്കം ആറുപേർ കസ്റ്റഡിയിൽ
കോഴിക്കോട് കെട്ടിട നമ്പർ ക്രമക്കേട് കേസിൽ ആറുപേർ കസ്റ്റഡിയിൽ. രണ്ട് ഉദ്യോഗസ്ഥരും ഒരു റിട്ടയഡ് ഉദ്യോഗസ്ഥനും രണ്ട് കെട്ടിട ഉടമകളും ഒരു ഇടനിലക്കാരനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആറ് പേരെയും വെവ്വേറെ ഇടങ്ങളിലിരുത്തി ചോദ്യം ചെയ്യുകയാണ്. ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. രണ്ടു കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയ കേസിലാണ് കസ്റ്റഡി. 5 ലക്ഷം രൂപ കൈക്കൂലി നൽകിയാണ് ക്രമക്കേട് നടത്തിയതെന്നും കണ്ടെത്തി.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. നിർമാണാനുമതി നൽകുന്ന സോഫ്റ്റ് വെയർ പാസ് വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയതെന്നാണ് വിലയിരുത്തൽ. മൂന്ന് ഘട്ടങ്ങളിൽ പരിശോധന നടത്തി മാത്രമേ കെട്ടിട നമ്പർ നൽകാൻ കഴിയൂവെന്നിരിക്കെ നടന്ന ക്രമക്കേടിന് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നതായാണ് സൂചനയാണ് പൊലീസിനുള്ളത്.
നഗരസഭ പൊളിക്കാൻ നിർദ്ദേശം നൽകിയ കെട്ടിടത്തിന് നമ്പറിട്ട് നികുതി സ്വീകരിച്ച സംഭവത്തിന് തൊട്ടുപുറകേയാണ് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നത്. ആറുമാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപ്പറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാല് എന്നിങ്ങനെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിച്ചിട്ടുണ്ട്. സഞ്ജയ് സോഫ്റ്റ് വെയറിൻറെ പാസ് വേഡ് ചോർത്തിയാണ് ക്രമക്കേട് നടന്നതെന്ന് കോർപ്പറേഷൻ കണ്ടെത്തി.
ഇതിന് വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. മൂന്ന് ഘട്ടങ്ങളിലുളള പരിശോധനയിലൂടെ മാത്രമേ സോഫ്റ്റ് വെയറിലൂടെ ഒരു കെട്ടിടത്തിൻറെ നികുതി സ്വീകരിക്കാനാവൂ. പ്രസ്തുത കെട്ടിടത്തിന് ക്രമക്കേടുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥൻ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്.