കേരളം
ജോലിഭാരം; പ്രധാനാധ്യാപിക ജീവനൊടുക്കി
സ്ഥാനക്കയറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളിയതിൽ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക മാളിയേക്കൽ പുത്തൻതറ കെ.ശ്രീജയാണ് (48) മരിച്ചത്. ജോലിഭാരം മൂലമുണ്ടായ മാനസികസമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
ജോലിഭാരം താങ്ങാൻ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കാണ് ശ്രീജ അപേക്ഷ നൽകിയത്. എന്നാൽ ഇത് തള്ളിയതോടെയാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകിട്ട് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വൈക്കം ഗവ. ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂൺ ഒന്നിനാണ് കീഴൂർ ജിഎൽപിഎസിൽ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിറ്റേന്ന് ജോലിയിൽ പ്രവേശിച്ചെങ്കിലും കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ അവധിയിൽ പ്രവേശിച്ചു. സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ മുതൽ പല കാരണത്താൽ അമ്മ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് മകൻ പറയുന്നത്. കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും വ്യക്തമാക്കി.
ഭർത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് ശ്രീജ വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകി. വൈക്കം മേഖലയിൽ മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിൽ അധ്യാപികയായിത്തന്നെ നിയമിക്കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ പരിഗണിക്കാൻ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീജയ്ക്കു മറുപടി നൽകി. ഓഗസ്റ്റ് നാലിനാണ് ശ്രീജയ്ക്ക് വൈക്കം പോളശേരി എൽപിഎസിലേക്കു സ്ഥലംമാറ്റം ലഭിച്ചത്.