കേരളം
സുധിയുടെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്; ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടൽ, നിരീക്ഷണത്തിൽ തുടരുന്നു
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. പരിപാടി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുധിയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി. അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു.
വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. തൃശൂർ കയ്പമംഗലത്തുവച്ച് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ഉല്ലാസ് അരൂര്‍ ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോൾ സുധി അബോധാവസ്ഥയിലായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.
ഫ്ലവേഴ്സ് ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും ഇന്നലെ വടകരയിലെത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂർത്തിയായത്. തുടർന്ന് രാത്രി തന്നെ അവിടെനിന്ന് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടമുണ്ടാകാൻ കാരണമായത് എന്നാണ് കരുതുന്നത്.