കേരളം
കൊച്ചി വാട്ടര്‍ മെട്രോ അനുഭവം: ജി20 ഉദ്യോഗസ്ഥ പ്രതിനിധികള്‍ പറഞ്ഞത് പങ്കുവച്ച് മന്ത്രി
അതിമനോഹരവും സുരക്ഷിതവുമായ യാത്രയെന്നാണ് ജി20 ഉദ്യോഗസ്ഥ പ്രതിനിധികള്‍ കൊച്ചി വാട്ടര്‍ മെട്രോയെക്കുറിച്ച് പറഞ്ഞതെന്ന് മന്ത്രി പി രാജീവ്. വാട്ടര്‍ മെട്രോ രാജ്യത്തിനാകെ മാതൃകയും അഭിമാനവുമാണ്. പദ്ധതി ആരംഭിച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ എട്ടര ലക്ഷം പേര്‍ വാട്ടര്‍ മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മന്ത്രി രാജീവിന്റെ കുറിപ്പ്: കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മിച്ച പത്താമത് വാട്ടര്‍ മെട്രോ ബോട്ട് ഇന്ന് കൈമാറി. പ്രശസ്തമായ ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാര്‍ഡ് നേടിയ അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ടുകള്‍ പൂര്‍ണമായും കേരളത്തില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. പദ്ധതി ആരംഭിച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ 8.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ജി20 ഉദ്യോഗസ്ഥ പ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും അതിമനോഹരവും സുരക്ഷിതവുമായ യാത്രയെന്ന് വിശേഷിപ്പിച്ച വാട്ടര്‍ മെട്രോ രാജ്യത്തിനാകെ മാതൃകയും അഭിമാനവുമാണ്. ഈ മാസം തന്നെ കൂടുതല്‍ ബോട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ സാധിക്കുമെന്ന് ഷിപ് യാര്‍ഡ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതി മുഴുവനായും പൂര്‍ത്തീകരിക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ രീതിയില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.