കേരളം
അഞ്ചാം വാർഷികത്തിന് അഞ്ച് രൂപ ടിക്കറ്റ്: കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 65000ത്തിലേറെ പേർ
അഞ്ചാം വാർഷിക ദിനം കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. അഞ്ച് രൂപ ടിക്കറ്റ് നിരക്കാണ് ഇന്ന് കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിച്ചത്. വൈകിട്ട് അഞ്ച് മണിവരെ 65000ലധികം പേരാണ് യാത്രചെയ്തത്. തിരുവനന്തപുരത്തും കോഴിക്കോടും പരിഗണനയിലുള്ള ലൈറ്റ് മെട്രോ പദ്ധതി അനുമതിയായാൽ മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് അഞ്ചാം വാർഷിക ദിനത്തിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
കൊച്ചി മെട്രോ ട്രാക്കിലായി അഞ്ചാം വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ച് രൂപ യാത്ര എന്ന മെട്രോ പ്രഖ്യാപനമാണ് ഫലം കണ്ടത്. ദൈനംദിന യാത്രക്കാരുടെ ശരാശരി മെട്രോ ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് തന്നെ കൊച്ചി മെട്രോ മറികടന്നു. ഏത് സ്റ്റേഷനിലേക്കും ദൂരപരിധി കണക്കാക്കാതെ അഞ്ച് രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മെട്രോ ദിനത്തിൽ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഓപ്പറേഷൻ കണ്‍ട്രോൾ സെന്‍ററിൽ പതാക ഉയർത്തി.
ഭിന്നശേഷിക്കാരായ മുന്നൂറ് കുട്ടികൾക്കും അഞ്ചാം വാർഷികത്തിൽ സൗജന്യ യാത്ര ഒരുക്കി. പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിന യാത്രക്കാരുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലെത്തിക്കുകയാണ് മെട്രോ ലക്ഷ്യം. കൂടുതൽ പാത വരുന്നതോടെ അത് 2.5 ലക്ഷമാക്കി ഉയർത്തുക, അങ്ങനെ നഷ്ടവും കുറയ്ക്കുക എന്നും ലക്ഷ്യമിടുന്നു.