കേരളം
കെ. എം ഷാജി എം.എൽ.എ കോഴിക്കോട് വിജിലൻസ് ഓഫീസിൽ ഹാജരായി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. എം ഷാജി എം.എൽ.എ കോഴിക്കോട് വിജിലൻസ് ഓഫീസിൽ എത്തി. റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കി. ഏപ്രില്‍ 16ന് തൊണ്ടായാട്ടെ വിജിലന്‍സ് സ്പെഷ്യൽ സെല്‍ ഓഫീസില്‍ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് രേഖകള്‍ ഹാജരാക്കാന്‍ എസ്.പി എസ്. ശശിധരന് ഒരാഴ്ചത്തെ സമയം അനുവദിച്ചത്.
പരിശോധനക്കിടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ച 47,35,500 രൂപയുടെയും അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെയും സ്രോതസ്സുകളാണ് വിജിലന്‍സ് പ്രധാനമായും ആവശ്യപ്പെട്ടത്. പിടികൂടിയ പണം സംബന്ധിച്ച ചോദ്യത്തിന് തെരഞ്ഞെടുപ്പിന് പിരിച്ച തുകയാണിതെന്നായിരുന്നു എം.എൽ.എയുടെ മറുപടി.
അതേസമയം അനധികൃത വീടുനിര്‍മാണക്കേസില്‍ നിന്ന് തടിയൂരാന്‍ വീടിന്റെ ഒരു ഭാഗം കെ എം ഷാജി പൊളിച്ചുമാറ്റിയിരുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ വീടിനോട് ചേര്‍ന്നും ഓപ്പണ്‍ ടെറസിലും നിര്‍മിച്ച ഭാഗങ്ങളാണ് പൊളിച്ചുമാറ്റിയത്. 500 ചതുരശ്ര അടിയോളം ഭാഗമാണ് കുറച്ചത്. വീടിന്റെ നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷയില്‍ കോര്‍പറേഷന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണിത്.
3200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനാണ് കെ എം ഷാജിയുടെ ഭാര്യ കെ എം ആശ കോര്‍പറേഷനില്‍ അനുമതി തേടിയിരുന്നത്. എന്നാല്‍, 5420 ചതുരശ്ര അടി വലുപ്പത്തിലുള്ള വീടാണ് നിര്‍മിച്ചത്. നിര്‍മാണത്തിനു ശേഷം പ്ലാന്‍ പുതുക്കി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്തില്ല. തുടര്‍ന്നാണ് വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയത്.