കേരളം
50 രൂപയ്ക്ക് യൂസ് ആൻഡ് ത്രോ ചെരുപ്പുകളുമായി ഖാദി ബോർഡ്
വീടുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ അകത്തളങ്ങളിൽ ഉപയോഗിക്കാൻ ’യൂസ് ആൻഡ് ത്രോ’ കടലാസ് ചെരുപ്പുകളുമായി ഖാദി. ലബോറട്ടറികൾ, ശസ്ത്രക്രിയാമുറികൾ തുടങ്ങിയ ഇടങ്ങളിലും ഇവ ഉപയോഗിക്കാം.
നൂറു ശതമാനം പ്രകൃതിസൗഹൃദ ഉത്പന്നമായാണ് കടലാസിൽ തയ്യാറാക്കിയ സ്ലിപ്പറുകളെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ വിശേഷിപ്പിക്കുന്നത്. കോട്ടൺ, സിൽക്ക് നാരുകൾ, കാർഷിക പാഴ്വസ്തുക്കൾ എന്നിവയിൽനിന്ന് കൈകൊണ്ട് നിർമിക്കുന്ന കടലാസിലാണ് സ്ലിപ്പർ തയ്യാറാക്കുന്നത്. അൻപതു രൂപയാണ് വില. നിർമാണത്തിനുള്ള കടലാസിനായി രാജ്യത്തെ ഒരു മരം പോലും നശിപ്പിക്കുന്നുമില്ല.
ആയിരം രൂപയ്ക്ക് മുകളിലുള്ള വിവിധയിനം സാധാരണ ഖാദി ചെരുപ്പുകൾ നിലവിലുള്ളതിനുപുറമേയാണിത്. അന്താരാഷ്ട്ര വിപണികൂടി ലക്ഷ്യമിട്ടാണ് യൂസ് ആൻഡ് ത്രോ സ്ലിപ്പറുകൾ. കൂടാതെ ബേബി നാപ്കിൻ, കോട്ടൺ കുട്ടിയുടുപ്പുകൾ തുടങ്ങിയവയുമുണ്ട്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ പോർട്ടലായ https://www.kviconline.gov.in/khadimask/prodouctsgrps.jsp ൽ വഴി പുതിയ ഉത്പന്നങ്ങൾ ഓൺലൈനിലും കിട്ടും.