കേരളം
കേന്ദ്ര സർക്കാരിന്റെ വയോ ശ്രേഷ്ഠ പുരസ്ക്കാരം; വയോജന പരിപാലനത്തിലെ മികച്ച മാതൃകയായി കേരളം
വയോജന പരിപാലനത്തിലെ രാജ്യത്തെ മികച്ച മാതൃക കേരളം. കേന്ദ്ര സർക്കാരിന്റെ വയോശ്രേഷ്ഠാ പുരസ്ക്കാരം കേരളത്തിന് ലഭിച്ചതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. മുതിർന്ന പൗരൻമാർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും നന്നായി നടപ്പിൽ വരുത്തിയതിനാണ് കേരളത്തിന് പുരസ്ക്കാരം. അടുത്ത വെള്ളിയാഴ്ച ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സ്വീകരിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ കോളേജുകൾ പൂർണ്ണ നിലയിൽ തുറക്കുന്ന കാര്യത്തിൽ വിശദമായ ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും അവർ അറിയിച്ചു. കോളേജുകൾ തുറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് വാക്സീനേഷൻ കൃത്യമായി നൽകും.
ഇതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് വാക്‌സീൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളിൽ അവസാനവർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാർത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കും. രണ്ടു ദിവസത്തിനകം യോഗം ചേർന്ന് പുരോഗതി വിലയിരുത്തും.
ഒക്ടോബർ 18ന് മുഴുവൻ ക്ലാസുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനം പരിശോധിച്ച് മാത്രമേ എടുക്കൂ. ഒക്ടോബർ 4-ന് അവസാന വർഷ വിദ്യാർത്ഥികൾ കോളേജിൽ എത്തിയ ശേഷം ഇക്കാര്യം പരിശോധിക്കും. കോളജുകളിൽ 90 ശതമാനം വിദ്യാർത്ഥികൾക്കും വാക്സീനേഷൻ പൂർത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.