കേരളം
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഈ ദിവസങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. നാളെ തെക്കന്‍ കേരളവും പാലക്കാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കിക്ക് പുറമേ മലപ്പുറത്തും കോഴിക്കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച കണ്ണൂരും കാസര്‍കോട് അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.
കേരളത്തീരത്ത് വരുംദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.