കേരളം
ഡിജിപിക്ക് പരാതി നല്‍കും; വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല
ആലപ്പുഴ കായംകുളം എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല. വിഷയത്തില്‍ കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചാല്‍ ഉടന്‍ ഡിജിപിക്ക് പരാതി നല്‍കാനാണ് സര്‍വകലാശാലയുടെ നീക്കം. കലിംഗ രജിസ്ട്രാര്‍ക്ക് വിശദമായ കത്തും അയക്കും.
നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎസ്എം കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും കോളജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
നിഖില്‍ തോമസ് ബി.കോം പഠനം അവസാനിപ്പിച്ചശേഷം കോളജ്, സര്‍വകലാശാല യൂണിയനുകളില്‍ പ്രവര്‍ത്തിച്ചോ, എം.കോം പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതാണോ എന്നിവയാകും പ്രധാനമായും പരിശോധിക്കുക. നിഖില്‍തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് സര്‍വകലാശാലക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ പറഞ്ഞു.