കേരളം
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തട്ടിപ്പില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാല്‍ 1930 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക അഭ്യര്‍ത്ഥനയില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കോഴിക്കോട് വ്യാജ വിഡിയോ തട്ടിപ്പിലൂടെ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്‌നാകര്‍ ബാങ്കില്‍ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ട് പൊലീസ് ബ്ലോക്ക് ചെയ്തു. അതേസമയം പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നേട്ടം.
പരിചയമില്ലാത്ത വിഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയാല്‍ പ്രതികരിക്കരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ വ്യാജകോളുകള്‍ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പരായ 1930ല്‍ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
ശ്രദ്ധിക്കുക: പൊതുജനങ്ങള്‍ക്ക് ഓൺലൈൻ വഴി ഏതെങ്കിലും വിധത്തിൽ പണം നഷ്ടമായാൽ കേരളാ പോലീസ് സൈബർ സെൽ നമ്പറായ 1930 ൽ അറിയിക്കാം.