കേരളം
അരിക്കൊമ്പൻ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം. തിങ്കളാഴ്‌ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും. കേസ് രേഖകൾ സുപ്രീംകോടതിയിലെ സ്‌റ്റാന്റിംഗ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. പകരം സ്ഥലമുണ്ടെങ്കിൽ അത് സംസ്ഥാനം തന്നെ കണ്ടെത്തണം എന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നതാണ് കേരളം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ കാരണമായത്.
കോടനാട് ആന പരിശീലനകേന്ദ്രത്തിലേക്ക് തന്നെ ആനയെ മാറ്റണം എന്ന പഴയ ആവശ്യംതന്നെ സുപ്രീംകോടതിയിൽ കേരളം ആവർത്തിക്കുമെന്നാണ് സൂചന.നിലവിൽ അരികൊമ്പനെ കേരളത്തിൽ എവിടേക്ക് മാറ്റിയാലും പ്രതിഷേധമുയരും എന്നതും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തും.അതേസമയം പറമ്പിക്കുളത്തല്ലെങ്കിൽ അരിക്കൊമ്പനെ മാറ്റാനുള്ള മറ്റ് അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിഷമിക്കുകയാണ്.
നടപടികൾ ഇഴയുന്നതിനാൽ ഇനിയെന്തെന്നറിയാതെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ ദൗത്യസംഘം ത്രിശങ്കുവിലാണ്.സംഘത്തിനായി ഇതുവരെ ചെലവായത് ഏഴ് ലക്ഷം രൂപയാണ്.ഒരു മാസത്തോളമായി കുങ്കിയാനകളും ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്. വിശേഷ ദിവസങ്ങളടക്കം വന്നിട്ടും ഇവരുടെ പാപ്പാന്മാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും സ്ഥലത്ത് നിന്ന് വിട്ട് നിൽക്കാനായിട്ടില്ല. ഇതിനിടെ 24 മണിക്കൂറും അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന നിർദ്ദേശവും കോടതിയിൽ നിന്ന് വന്നിട്ടുണ്ട്. 19നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
ദൗത്യം നീളുന്നതോടെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ ജനങ്ങൾ വേവലാതിയിലാണ്. കോൺഗ്രസും സി.പി.എമ്മും ജനങ്ങൾക്കൊപ്പം നിന്ന് സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റുമാരും സർക്കാരിനെതിരായി സമരരംഗത്തുണ്ട്.അരിക്കൊമ്പനെ ധരിപ്പിക്കുന്നതിനുള്ള റേഡിയോ കോളർ ബംഗളൂരുവിൽ നിന്ന് കൊണ്ടുവരാനുള്ള തീരുമാനം സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിച്ചു. പകരം അസാമിൽ നിന്ന് കോളർ ഇന്നെത്തിക്കും. എയർ കാർഗോ വഴി റേഡിയോ കോളർ കൊച്ചിയിലെത്തിക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച ബംഗളൂരുവിൽ നിന്ന് റേഡിയോ കോളർ കൊണ്ടുവരുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.