കേരളം
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണം? പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി ഏർപ്പെടുത്തിയേക്കും
സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നിൽക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചർച്ചക്കും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കയ്യിൽ കിട്ടി. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തതാണ് കാരണം.
അതേസമയം മിക്കവാറും വരുന്ന സർക്കാർ ജീവനക്കാർക്കെല്ലാം എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് പണം കൈകാര്യം ചെയ്യാൻ കഴിയാത്തത്. പെൻഷൻ വിതരണത്തിനും നിലവിൽ പ്രതിസന്ധിയില്ല. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ മാറ്റുന്ന കാര്യത്തിലും സാങ്കേതിക തടസമില്ല. ഞായറാഴ്ച ആയതിനാൽ ഇന്ന് ശമ്പള വിതരണം ഉണ്ടാവില്ല. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.