കേരളം
ലോക്ക്ഡൗണ്‍ ലംഘനത്തിന് പിഴ; സർക്കാർ ഖജനാവിലേക്ക് എത്തിയത് 116 കോടി രൂപ
കോവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ജനം പൊറുതി മുട്ടിയെങ്കിലും സർക്കാർ ഖജനാവിലേക്ക് എത്തിയത് കോടികളാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ പിഴ ഈടാക്കിയത് 116.5 കോടിയാണ്.
എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പിഴ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. 22 കോടി. തിരുവനന്തപുരത്തുനിന്നും14 കോടിയും മലപ്പുറത്തുനിന്നും 13 കോടിയും പിഴ ഇനത്തില്‍ പോലീസ് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തു.ലോക്ക്ഡൗണ്‍ ലംഘനം ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ഉണ്ടായത്. പിഴ ഇനത്തില്‍ പോലീസ് പിരിച്ചത് 2 കോടി 85 ലക്ഷം മാത്രം.
സംസ്ഥാനത്താകെ ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് 6,11,856 കേസുകളാണ്. പിഴ ഈടാക്കിയത് ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍ നിന്നാണെങ്കിലും ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 186790 കേസുകള്‍. എറണാകുളത്ത് 73918 ഉം, കൊല്ലത്ത് 57680 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോക്ക്ഡൗണ്‍ ദിനങ്ങളിലെ പോലീസ് ഇടപെടല്‍ ഏറെ വിവാദമായിരുന്നു. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പോലും വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവരില്‍ നിന്ന് പിഴ ഈടാക്കി. ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് ശേഷവും പോലീസ് പിഴ ഈടാക്കല്‍ തുടര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പോലീസ് നടപടിയെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി.