കേരളം
കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില; റെക്കോർഡ് റേറ്റിലേക്ക്
കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് 480 രൂപയാണ് പവന് വര്‍ധിച്ചത്. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവും വര്‍ധിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളിലും വില ഉയരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതി ഉയര്‍ത്തിയിരുന്നു.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5360 രൂപയായി. പവന് 42880 രൂപയുമായി. ബുധനാഴ്ച രാവിലെ 200 രൂപ വര്‍ധിച്ചിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം 200 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ബുധനാഴ്ച 400 രൂപയും വ്യാഴാഴ്ച 480 രൂപയും കൂടി. 24 മണിക്കൂറിനിടെ 880 രൂപയുടെ വര്‍ധനവായി.
2023ല്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ മറികടക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 48000 രൂപ വരെ എത്തുമെന്നാണ് നിരീക്ഷണം. ഇപ്പോഴുണ്ടാകുന്ന വില വര്‍ധനവ് ഇത് ശരിവെക്കുന്നതാണ്. 120 കൂടി വര്‍ധിച്ചാല്‍ 43000 എന്ന വിലയിലേക്ക് എത്തും. ഈ വര്‍ഷം തുടക്കത്തില്‍ 40000 കടന്നിട്ടേയുണ്ടായിരുന്നുള്ളൂ. ഒരു മാസം തികയുമ്പോള്‍ 43000 എന്ന വിലയിലേക്ക് എത്തുകയാണ്.
ജനുവരി ഒന്നിന് 40480 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഏറിയും കുറഞ്ഞും നിന്നെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം കുതിക്കുകയായിരുന്നു. ജനുവരി 24ന് 42000 എന്ന സര്‍വകാല റെക്കോര്‍ഡ് മറികടന്നു. പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടായെങ്കിലും വില കുതിക്കുന്നത് തുടരുകയാണ്. വൈകാതെ 43000 മറികടക്കുമെന്നാണ് കരുതുന്നത്.
സ്വര്‍ണവിലയില്‍ കുറവ് വരുന്നതിന് നികുതിയില്‍ ഇളവ് നല്‍കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണാഭരണ കയറ്റുമതി മേഖലയെ പരിപോഷിപ്പിക്കാനും സ്വര്‍ണക്കടത്ത് ഇല്ലാതാക്കാനും വില കുറച്ചാല്‍ സഹായിക്കുമെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ അവശ്യ വസ്തുക്കളുടെ ഗണത്തില്‍ പെടാത്തതിനാല്‍ സ്വര്‍ണത്തിന് ബജറ്റില്‍ വില കുറച്ചില്ല. നികുതി ഉയര്‍ത്തുകയാണ് ചെയ്തത്.
രൂപയിലുണ്ടായ മൂല്യമിടിവ്, ഡോളറിന്റെ മൂല്യ ശോഷണം, ലോകത്തെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്, നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത്, ആഗോള സാമ്പത്തിക മാന്ദ്യ ഭീതി, ചൈനയുടെയും അമേരിക്കയുടെയും യൂറോപ്പിന്റെയും വിപണിയിലുണ്ടാകുന്ന തകര്‍ച്ച, ചൈനയിലെ കൊവിഡ് ആശങ്ക എന്നിവയെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.