കേരളം
ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകില്ല; കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാവിനെ ബിജെപി കഴക്കൂട്ടത്ത് മത്സരിപ്പിക്കും
കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ല. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്റെ പേര് കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കിയത്. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാവിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്. കഴക്കൂട്ടം അല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇതിനിടെ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. സീറ്റ് ലഭിക്കാത്ത കോണ്‍ഗ്രസ് നേതാക്കളുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തുകയാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍. ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പറഞ്ഞു.
പല പ്രമുഖ നേതാക്കളും ബിജെപിയില്‍ ചേരും. ഇന്നും പലരും ചേരാനുള്ള സാധ്യതയുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ ബിജെപിയില്‍ ചേരുന്നത് ഇപ്പോള്‍ ഒരു പുതിയ കാര്യമല്ലാതായി തീര്‍ന്നു. ഇത് തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കും. മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളാണ് പരിഗണിക്കുന്നത്. സുരേഷ് ഗോപി തൃശൂരിലും കുമ്മനം രാജശേഖരന്‍ നേമത്തും മത്സരിക്കും. അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകും. വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷും ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്, കൊട്ടാരക്കരയില്‍ നടന്‍ വിനു മോഹനും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങള്‍ കൂടാതെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലും ബിജെപി പ്രധാനപ്പെട്ട സ്ഥാനാര്‍ഥികളെ ഇറക്കും. തൃത്താലയിലും ഷൊര്‍ണൂരും സന്ദീപ് വാര്യരുടെ പേരാണ് പരിഗണനയിലുള്ളത്.