കേരളം
കർക്കടക വാവ്: ശിവഗിരിമഠത്തിൽ 6 മുതൽ ബലിതർപ്പണം
കർക്കടക വാവ് പ്രമാണിച്ച് 17ന് രാവിലെ 6 മുതൽ ശിവഗിരിമഠത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ധാരാളമാളുകൾ ബലിതർപ്പണത്തിന് എത്തിച്ചേരും. മഹാഗുരുപൂജ ഉൾപെടെ ശിവഗിരിമഠത്തിലെ എല്ലാ വഴിപാടുകളും അന്നേദിവസം ഭക്തജനങ്ങൾക്ക് ക്ലേശം കൂടാതെ നിർവഹിക്കാനുളള ക്രമീകരണങ്ങൾ ഉറപ്പാക്കും.
വാഹനങ്ങളിൽ എത്തുന്നവർക്ക് പാർക്കിംഗിനും മറ്റും മുൻ കാലങ്ങളെക്കാൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്യാസി ശ്രേഷ്ഠർ, ബ്രഹ്മചാരികൾ, മറ്റു വൈദികർ തുടങ്ങിയവർ വിവിധ കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ വോളന്റിയർമാരുടെ സേവനവും ഉണ്ടായിരിക്കും. വഴിപാട് കൗണ്ടറുകളിൽ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പേരുടെ സേവനവും ഉണ്ടായിരിക്കും.
തലേദിവസം എത്തിച്ചേരുന്നവർക്കുളള താമസ സൗകര്യം വ്യവസ്ഥകൾക്ക് വിധേയമായി നൽകും. ദൂരസ്ഥലങ്ങളിൽ നിന്നും പ്രത്യേക വാഹനങ്ങളിൽ എത്തുന്നവർക്ക് ഗുരുപൂജ പ്രസാദം അന്നദാനത്തിനുളള കാർഷികവിളകളും പലവ്യഞ്ജനങ്ങളും സമർപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക് ശിവഗിരിമഠം പി.ആർ.ഒയുമായി (ഫോൺ: 9447551499) ബന്ധപ്പെടണം.
മലയാള മാസത്തിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. അതായത് ചന്ദ്രന്റെ മാസം. ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്.കറുത്ത വാവ് പിതൃക്കളുടെ ദിവസവും. അതിനാൽ ഇതെല്ലാം ഒത്തു ചേരുന്ന ദിവസം വളരെ പ്രധാനമാണ്. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. 2023 ജൂലൈ 17 നാണ് ഈ വർഷത്തെ വാവ്. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ദക്ഷിണായാനം പിതൃ കാര്യങ്ങൾക്കുമാണ് എടുക്കുക. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകത്തിലേത്. ഇതെല്ലാം കൊണ്ടാണ് കർക്കടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.