കേരളം
കണ്ണൂർ വിസി നിയമന വിവാദം; മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം
കണ്ണൂർ സർവ്വകലാശാല വിസി നിയമന കേസിൽ ലോകായുക്തയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കക്ഷി ചേർക്കാൻ നീക്കം. ഇതു സംബന്ധിച്ച് നാളെ ഹർജി നൽകും എന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ അറിയിച്ചു. രാജ് ഭവൻ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം. നാളെ ലോകായുക്ത കേസ് പരിഗണിക്കാനിരിക്കെ ആണ് നീക്കം. വിസി നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാർ വാദം രാജ് ഭവൻ ഇന്ന് തള്ളിയിരുന്നു.
വിസി പുനർ നിയമനത്തിന് രാജ് ഭവൻ നിർദേശം നൽകിയില്ല എന്നാണ് വിശദീകരണം. പുനർ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണ്. പുനർ നിയമനം നൽകണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ട് എത്തി ആവശ്യപ്പെട്ടു. പുനർ നിയമനത്തിൽ ഗവർണ്ണർക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനർ നിയമനം നിയമ പരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാനുള്ള നീക്കം.
കണ്ണൂർ വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ നിർദ്ദേശിച്ചെന്ന നിർണ്ണായക രേഖ ലോകായുക്തയിൽ സർക്കാർ ഹാജരാക്കിയിരുന്നു. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നാണ് സർക്കാർ വാദം. ഗവർണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാർശ ചെയ്യാതെ നിർദ്ദേശം മാത്രമല്ലേ മുന്നോട്ട് വെച്ചതെന്ന് ചോദിച്ചിരുന്നു. കേസിൽ വിധി വരും മുമ്പ് ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു.