ദേശീയം
കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ അന്തരിച്ചു
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് കാർഡിയാക് അറസ്റ്റുണ്ടായത്. തുടർന്ന് ഉടൻ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു. ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനാണ് പുനീത് രാജ്‍കുമാര്‍. രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.
മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നതും. കന്നഡയില്‍ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് അകാലവിയോഗമുണ്ടായിരിക്കുന്നത്. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് പുനീത് രാജ്‍കുമാര്‍.
മോഹന്‍ലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു. യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവുംഅദ്ദേഹം സ്വന്തമാക്കി.