കേരളം
കല്ലംകുഴി ഇരട്ടക്കൊല: 25പ്രതികൾക്കും ജീവപര്യന്തം; അരലക്ഷം രൂപ വീതം പിഴ
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ 25 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
സഹോദരങ്ങളും സിപിഎം പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. എ പി സുന്നി പ്രവര്‍ത്തകരുമായിരുന്നു ഇവർ. പ്രാദേശിക രാഷ്ട്രീയ തർക്കത്തെത്തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. ശിക്ഷ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു.
കേസില്‍ ആകെ 27 പ്രതികളാണ് ഉള്ളത്. ലീഗ് നേതാവും കാഞ്ഞിരപ്പുഴ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സിദ്ദീഖ് ആണ് ഒന്നാംപ്രതി. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളില്‍ ഒരാള്‍ക്ക് കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.
2013ലാണ് കല്ലംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48)യും സഹോദരന്‍ നൂറുദ്ദീനും(42) വീടിനു സമീപം കൊല്ലപ്പെടുന്നത്. 2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും സഹോദരനായ കുഞ്ഞുമുഹമ്മദിനും ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിര്‍ണായക സാക്ഷി. ലീഗിന് ഏറെ സ്വാധീനമുള്ള മേഖലയിൽ ആസൂത്രിതമായി നടപ്പാക്കിയ രാഷ്ട്രീയ കൊലയെന്നായിരുന്നു സിപിഎം ആരോപണം.