കേരളം
ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; കടം വാങ്ങിയ 50,000 രൂപ നൽകിയില്ല, പകരം ലഹരി മരുന്നുമില്ല; കറിക്കത്തി കൊണ്ട് കൊന്നു
കൊച്ചി കാക്കനാട് ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ചതിന് പിന്നിൽ കടം വാങ്ങിയ 50,000 രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്നെന്ന് പൊലീസ്. നിലമ്പൂർ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി അർഷാദിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. അർഷാദിനു പുറമേ കൂടുതൽ പ്രതികൾ കേസിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കടമായി വാങ്ങിയ പണം തിരികെ നൽകാതിരുന്നതോടെ പകരം ലഹരി മരുന്നു നൽകാമെന്നായിരുന്നു സജീവ് കൃഷ്ണയുടെ വാഗ്ദാനം. ഇതും പാലിക്കാതെ വന്നതോടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിനിടെ ഇതു സംബന്ധിച്ച തർക്കം ഉടലെടുക്കുകയും സജീവിനെ ആക്രമിക്കുകയുമായിരുന്നു.
അർഷാദിനൊപ്പം കാസർകോടുനിന്നും പിടിയിലായ ലഹരി മരുന്നു കേസ് പ്രതിക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി അർഷാദിന് ഒറ്റയ്ക്ക് മൃതദേഹം ബെഡ്ഡിൽ പൊതിഞ്ഞ് മാലിന്യകുഴലിന്റെ ഡെക്ടിൽ കുത്തിനിർത്താൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൊല നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യുന്നതിനും പദ്ധതികൾ തയാറാക്കിയിരുന്നു.
വീടു വൃത്തിയാക്കിയിട്ടതും മൃതദേഹം പൊതിഞ്ഞു കെട്ടിയതുമെല്ലാം കൃത്യമായ പ്ലാനോടു കൂടിയായിരുന്നു. എന്നാൽ വിചാരിച്ച രീതിയിൽ മൃതദേഹം താഴെ എത്തിക്കാൻ സാധിക്കാതിരുന്നതാണ് പദ്ധതികൾ തകിടംമറിച്ചത്. കൊലപാതകം നടന്ന ഫ്ലാറ്റിൽ വൻതോതിൽ ലഹരി ഉപയോഗവും ഇടപാടുകളും നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പണം നൽകുന്നവർക്ക് മുറിയിലെത്തി ലഹരി ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നതായും ഇവിടെ നിരവധി യുവാക്കൾ വന്നു പോയിരുന്നതായും പൊലീസിന് വ്യക്തമായിട്ടുണ്ട്.