കേരളം
കെ.എം ഷാജി എം.എല്‍.എക്കെതിരായ കോഴക്കേസ്: കെ.പി.എ മജീദിന്റെ മൊഴി രേഖപ്പെടുത്തി
അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. അഞ്ച് മണിക്കൂറിലധികമാണ് മജീദില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
എന്‍ഫോഴ്സ്മെന്റിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെ.പി.എ മജീദ് പ്രതികരിച്ചു. കോഴിക്കോട്ടെ ഇ.ഡിയുടെ മേഖല ഓഫീസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി.
അതേസമയം, കോഴ സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴി ഇന്നലെ എടുത്തിരുന്നു. കേസില്‍ കെ.എം ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തമാസം 10ന് ചോദ്യം ചെയ്യും.
2014 ല്‍ അഴീക്കോട് സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 30 പേര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.