ദേശീയം
‘ജോലി ചെയ്യാൻ അനുവദിച്ചില്ല, മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി’; റെയ്ഡിൽ ബിബിസി
ആദായ നികുതി വകുപ്പിന്റെ പരിശോധനകൾക്കെതിരെ ബിബിസിയുടെ ലേഖനം. പരിശോധനയ്ക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസുമാർക്കുമെതിരെ ബിബിസി രംഗത്തെത്തി. മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. ബിബിസി ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമർശനം.
പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാൻ ആയില്ല. ഐടി ഉദ്യോഗസ്ഥരും പൊലീസും പലരോടും മോശമായി പെരുമാറി എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സർവേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് ഒന്നും എഴുതാൻ ഡൽഹി ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല.
മാധ്യമപ്രവർത്തകരുടെ കംപ്യുട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും അവരുടെ ഫോണുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ നിരന്തരമായി അഭ്യർഥിച്ചതിന്റെ ഫലമായി ചിലരെ അതിന് അനുവദിച്ചെങ്കിലും ഹിന്ദി, ഇംഗ്ലീഷ് വിഭാഗത്തിലുള്ള മാധ്യമപ്രവർത്തകരെ അതിൽനിന്നു വിലക്കി. പ്രക്ഷേപണം സമയം അവസാനിച്ചതിനു ശേഷം മാത്രമാണ് ഈ ഭാഷകളിലുള്ളവരെ ജോലി ചെയ്യാൻ അനുവദിച്ചത്. ക്രമക്കേട് സംബന്ധിച്ച് ഐടി വിഭാഗം എന്തെങ്കിലും വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും ബിബിസി വ്യക്തമാക്കി.
ബിബിസിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 58 മണിക്കൂർ നീണ്ട പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്.