ദേശീയം
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് അനുമതി; ഇന്ത്യയിലേക്ക് ഒറ്റ ഡോസ് വാക്‌സിനും!
പ്രമുഖ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോണ്‍സണ്‍ അപേക്ഷ നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇയാണ് രാജ്യത്ത് ജോണ്‍സണ്‍സ് വാക്‌സിന്‍ ലഭ്യമാക്കുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്‌സിന്‍ ആണിത്. നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കു നല്‍കിയ അപേക്ഷ പിന്‍വലിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റഷോട്ട് കൊറോണ വൈറസ് വാക്‌സീൻ കോവിഡ് 19 ല്‍ നിന്നുള്ള കഠിനമായ രോഗങ്ങള്‍ക്കും മരണത്തിനും ശക്തമായ സംരക്ഷണം നല്‍കാന്‍ പര്യാപ്തമാണെന്നാണ് സൂചന.
മാത്രമല്ല പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകളിലേക്ക് വൈറസ് പടരുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ പോസ്റ്റുചെയ്ത പുതിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. വാക്‌സീനില്‍ അമേരിക്കയില്‍ മൊത്തത്തില്‍ 72 ശതമാനം ഫലപ്രാപ്തിയും ദക്ഷിണാഫ്രിക്കയില്‍ 64 ശതമാനവും ഉണ്ടായിരുന്നു. കമ്പനി നേരത്തെ പുറത്തുവിട്ട ഡാറ്റയേക്കാള്‍ ഏഴ് പോയിന്റ് കൂടുതലാണ് ദക്ഷിണാഫ്രിക്കയിലെ ഫലപ്രാപ്തി.
കമ്പനിയുടെ ഡേറ്റ വിശകലനം പ്രകാരം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ കോവിഡ് 19 ന്റെ കടുത്ത രൂപങ്ങള്‍ക്കെതിരെ 86 ശതമാനം ഫലപ്രാപ്തിയും ദക്ഷിണാഫ്രിക്കയിലെ കടുത്ത രോഗത്തിനെതിരെ 82 ശതമാനവും വാക്‌സിന്‍ കാണിക്കുന്നു. അതായത് വാക്‌സിനേഷന്‍ എടുക്കുന്ന ഒരാള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കാനോ കോവിഡ് 19 ല്‍ നിന്ന് മരിക്കാനോ ഉള്ള സാധ്യത വളരെ കുറവാണെന്നു സാരം.