കേരളം
ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധിയുടെ നിര്‍ണായക സംവാദം ഇന്ന് ഡല്‍ഹിയില്‍
ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി പൗരസമൂഹവുമായി രാഹുല്‍ ഗാന്ധി ഇന്ന് സംവദിക്കും. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് സംവാദം. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ നിലപാട് ആരായും. ഭാരത് ജോഡോ യാത്രയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടും. അടുത്ത മാസം ഏഴിനാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രക്ക് തുടക്കം കുറിക്കുന്നത്.
കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം തന്നെ നല്‍കാനാണ് തീരുമാനം. രാവിലെ ഏഴ് മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കിലോമീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.
മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും.
ഭാരത് ജോഡോ യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും. ജോഡോ യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്.