കേരളം
ജെസ്‌ന കേരളം വിട്ടുപോയിട്ടില്ല, അപായപ്പെടുത്തിയതാണെന്ന് പിതാവ്
ജസ്ന തിരോധാനത്തിൽ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജെസ്‌നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവൾ കേരളം വിട്ടുപോയിട്ടില്ലെന്നും അച്ഛൻ ജെയിംസ്. ജെസ്‌നയെ അപായപ്പെടുത്തിയതാണ്.
ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ കേസിൽ ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവര്‍ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്‍റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. ഏജൻസികൾക്ക് സമാന്തരമായി തങ്ങൾ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും താനും ടീമും ചേർന്ന് ക്രോസ് ചെക്ക് ചെയ്തു.
സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങൾ അന്വേഷണം നടത്തി. എന്നാൽ കേസിൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. മകൾ മുണ്ടക്കയം വിട്ട് പോയിട്ടുണ്ടാവില്ല. ജെസ്‌നയെ അപായപ്പെടുത്തിയതാണെന്ന് താൻ സ്വന്തമായി നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ മാസം 19 ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.