കേരളം
നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണ പിടിയില്‍
തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രവീണ്‍ റാണയെ പിടികൂടിയത്.
പൊലീസിനെ വെട്ടിച്ച് കലൂരിലെ ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട് പ്രവീണ്‍ റാണ സംസ്ഥാനം വിട്ടത് ഈ മാസം ആറിനാണ്.പ്രതിയെ പിടികൂടാനായി പോലീസ് സംഘം ഫ്ളാറ്റില്‍ എത്തിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ ഫ്ളാറ്റില്‍നിന്ന് കടന്നുകളയുകയായിരുന്നു. പ്രവീണ്‍ റാണയുടെ കൂട്ടാളിയെ ഇന്നലെ പിടികൂടിയിരുന്നു. പിന്നാലെ വിപുലമായ നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍ റാണ കോയമ്പത്തൂര്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
വന്‍ പലിശയും ലാഭവും വാഗ്ദാനംചെയ്താണ് സേഫ് ആന്‍ഡ് സ്ട്രോങ് എന്ന കമ്പനിയുടെ പേരില്‍ പ്രവീണ്‍ റാണ എന്ന കെ പി പ്രവീണ്‍ കോടികള്‍ തട്ടിയെടുത്തത്. നിലവില്‍ ഇയാള്‍ക്കെതിരേ തൃശ്ശൂരിലെ വിവിധ സ്റ്റേഷനുകളിലായി 24-ഓളം കേസുകളുണ്ട്. എന്നാല്‍ പൊലീസ് കേസെടുത്തതോടെ പ്രവീണ്‍ റാണ ഒളിവില്‍പോവുകയായിരുന്നു.
എന്‍ജിനിയറിങ് പഠനത്തിന് ശേഷം മൊബൈല്‍ റീച്ചാര്‍ജ് കട നടത്തിയിരുന്ന കെ പി പ്രവീണ്‍ ആണ് പിന്നീട് ഡോ. പ്രവീണ്‍ റാണയായത്. കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാരസ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതായിരുന്നു ആദ്യ ബിസിനസ്. പിന്നീട് കര്‍ണാടകയിലും തമിഴ്നാട്ടിലും പബ്ബുകള്‍ ആരംഭിച്ചു. ഇതിനിടെ കേരളത്തിലേക്ക് മടങ്ങി സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവില്‍ സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയിലേക്ക് വ്യാപകമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയായിരുന്നു.