ദേശീയം
രാജ്യാന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
ഇന്നു മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. കോവിഡ് മൂലം ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി സർവീസുകൾ മുൻപുള്ള സ്ഥിതിയിലാകും. രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണു വിലയിരുത്തൽ.വിമാനയാത്രയ്ക്കും വിമാനത്താവങ്ങൾക്കുമുള്ള കോവിഡ് മാർഗരേഖയിലും കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സാമൂഹിക അകലം ഉറപ്പാക്കാൻ സീറ്റുകൾ ഇനി ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങളിലെ കാബിൻ ക്രൂ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലെ സുരക്ഷാജീവനക്കാർക്കു ദേഹപരിശോധന നടത്താനും തടസ്സമില്ല. അതേസമയം മാസ്ക് ധരിക്കുന്നതു തുടരണം. കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
ഒമൈക്രോൺ വകഭേദം രാജ്യത്ത് പിടിമുറുക്കിയതോടെ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയിൽ രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് വിമാന സർവീസ് പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
2020 മാർച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് സസ്പെൻഷൻ പലവട്ടമായി പുതുക്കുകയായിരുന്നു. രാജ്യാന്തര വിമാന സർവീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതൽ തന്നെ സ്പെഷൽ സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.