ദേശീയം
സ്വാതന്ത്ര്യദിനാഘോഷം: കനത്ത ജാഗ്രതയിൽ രാജ്യം; പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയിൽ രാജ്യം. ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പരിശാധന ശക്തമാക്കി. പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന് രാജ്യം ഒരുങ്ങുമ്പോൾ രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലാണ്. പ്രധാനമന്ത്രിയുൾപ്പടെ പങ്കെടുക്കുന്ന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിലോ സമീപത്തോ മണിപ്പൂരിൽനിന്നുള്ള മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന ഇന്റലിജൻസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സ്ഥിതി വിലയിരുത്തി. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ചെങ്കോട്ടക്ക് ചുറ്റും വിന്യസിച്ചിട്ടുള്ളത്.
വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുൾപ്പടെ 1800 അതിഥികളെയാണ് ചെങ്കോട്ടയില് 15 ന് രാവിലെ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അതിർത്തിയിലെ റോഡ് നിർമ്മിച്ച തൊഴിലാളികളും പുതിയ പാർലമെന്റ് നിർമാണ തൊഴിലാളികളും നെയ്തുകാരും ഇത്തവണ അതിഥികളായെത്തും. വിവിധ സേനാവിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണറിനുള്ള തയ്യാറെടുപ്പ് ഉൾപ്പടെ ഫുൾഡ്രെസ് റിഹേഴ്സലും ഇന്ന് ചെങ്കോട്ടയിൽ പൂർത്തിയായി. തിരംഗയാത്ര നടക്കുന്ന സാഹചര്യത്തില് ജമ്മുകാശ്മിരില് ജാഗ്രത കശനമാക്കി. അതിർത്തിയിലും നിരീക്ഷണം ശക്തമാണ്. മണിപ്പൂരിന് പിന്നാലെ ഹരിയാനയിലും സംഘർഷം നടന്ന പശ്ചാത്തലത്തിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്.