കേരളം
വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്‌ടോറിയ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, കണ്ണൂര്‍ ഇകെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവിടങ്ങളിലാണ് വന്ധ്യതാ ചികിത്സയുള്ളത്.
നിലവിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രി വീണാ ജോര്‍ജിന്റ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കി വിപുലീകരിക്കും.
ഇന്ത്യയില്‍ തന്നെ റീപ്രൊഡക്ടീവ് മെഡിസിന്‍ ആന്റ് സര്‍ജറിയില്‍ എംസിഎച്ച് ഡിഗ്രി കോഴ്‌സുള്ള ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രി. അവിടെ കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളൊരുക്കുന്നതാണ്. കോട്ടയം, എറണാകുളം മെഡിക്കല്‍ കോളേജുകളിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്കുകള്‍ കുറേക്കൂടി ശക്തിപ്പെടുത്തും. എല്ലായിടത്തും അത്യാധുനിക വന്ധ്യതാ ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.