ദേശീയം
സർഗം കൗശൽ മിസിസ് വേൾഡ്; 21 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് സൗന്ദര്യറാണിപ്പട്ടം
2022ലെ മിസിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി ഇന്ത്യൻ സുന്ദരി സർഗം കൗശൽ. യുഎസിലെ ലാസ് വേഗസിൽ നടന്ന മത്സരത്തിൽ വച്ചാണ് സർഗം കിരീടം ചൂടിയത്. 21 വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് സൗന്ദര്യറാണിപ്പട്ടം എത്തുന്നത്.
63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനം നേടി. മിസിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിനു ശേഷം 21 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് വേൾഡ് പട്ടം എത്തുന്നത്. രണ്ടാം തവണയാണ് മിസിസ് വേൾഡിൽ ഇന്ത്യ വിജയിയാവുന്നത്.
കിരീടനേട്ടത്തിന്റെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സർഗം കൗശാൽ സന്തോഷം പങ്കുവച്ചു. നീണ്ട കാത്തിരിപ്പിന് വിരാമം. 21 വർഷത്തിനുശേഷം കിരീടം തിരിച്ചെത്തി എന്നാണ് സർഗം കൗശാൽ കുറിച്ചത്.
ജമ്മുവിൽ ജനിച്ചു വളർന്ന സർഗം ഇപ്പോൾ മുംബൈയിലാണ് താമസം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നേവി ഓഫിസറാണ്.