ദേശീയം
സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടാനുള്ള പോലീസിന്റെ അധികാരം വിപുലപ്പെടുത്തി ഭാരതീയ ന്യായസംഹിത
സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടാന്‍ പോലീസിന് വിപുലമായ അധികാരം നല്‍കി രാജ്യത്ത് പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത. സംഘടിത കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉൾപ്പെടുത്തി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം നല്‍കിയിരിക്കുകയാണ് പുതിയ നിയമത്തിലൂടെ.
ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ സ്വര്‍ണ്ണക്കടത്ത് കേസ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് റഷീദ് പി എന്ന 62കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. ഇയാളുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്.
കള്ളക്കടത്ത് നടത്തിയ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്ത് വെച്ച് പിടിച്ചെടുക്കുന്നതില്‍ പോലീസിന് നേരത്തെ പരിമിതമായ അധികാരങ്ങളെ ഉണ്ടായിരുന്നുള്ളു. സിആര്‍പിസി സെക്ഷന്‍ 102 പ്രകാരം പോലീസ് സ്വര്‍ണ്ണം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കണം. ശേഷം കേസ് കസ്റ്റംസിന് റഫര്‍ ചെയ്യും. എന്നാല്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 111(1) വിപുലമായ അധികാരങ്ങള്‍ പോലീസിന് നല്‍കുന്നുണ്ട്.
ഈ വകുപ്പിലെ ‘നിയമവിരുദ്ധ വസ്തുക്കളുടെ കള്ളക്കടത്ത്’ എന്ന സെക്ഷനാണ് സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ പിടിക്കാന്‍ പോലീസ് ഉപയോഗിക്കുന്നത്. പിടിയിലാകുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈ വകുപ്പ് പ്രകാരം ലഭിക്കും. അഞ്ച് വര്‍ഷം തടവ് എന്നത് ജീവപര്യന്തം വരെ നീട്ടാനും വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയ റഷീദിനെ പരിശോധിച്ചത്. ഇയാളില്‍ നിന്നും 964.5 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തി. ക്യാപ്‌സൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്.
സ്വര്‍ണ്ണക്കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് അധികാരം നല്‍കുന്ന വ്യവസ്ഥകളാണ് ഭാരതീയ ന്യായ സംഹിതയിലുള്ളതെന്ന് കരിപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എസ് പറഞ്ഞു. സ്വര്‍ണ്ണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന്റെ ഭാഗമായി അറസ്റ്റിലായ പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ഇയാള്‍ക്ക് സ്വര്‍ണ്ണം നല്‍കിയതെന്നും എവിടെക്കാണ് സ്വര്‍ണ്ണം കൊണ്ടുപോകാന്‍ ഉദ്ദേശിച്ചതെന്നുമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഈ റാക്കറ്റിലെ മറ്റുള്ളവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അതിലൂടെ കേരളത്തിലെത്തുമ്പോള്‍ അവരെ പിടികൂടാന്‍ കഴിയുമെന്നും പോലീസ് വ്യക്തമാക്കി.