ദേശീയം
കോവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ തയ്യാറെടുത്ത് കേന്ദ്രം; അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ നടപടി
കോവിഡ് മൂന്നാം തരംഗം ആസന്നമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 30 ദിവസത്തേയ്ക്കുള്ള മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്.
കോവിഡ് രണ്ടാം തരംഗം തടയാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാം തരംഗത്തിന് മുന്‍പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കോവിഡ് ചികിത്സയ്ക്ക് വേണ്ട അവശ്യമരുന്നായ റെംഡിസിവിര്‍, ഫാവിപിരവിര്‍ എന്നിവ സംഭരിക്കും.
ഇതിന് പുറമേ കോവിഡ് ചികിത്സയ്ക്കായി സാധാരണയായി നല്‍കി വരുന്ന പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ എന്നിവ സംഭരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഒന്നും രണ്ടും തരംഗങ്ങള്‍ ഉച്ചസ്ഥായിയില്‍ എത്തിയ സമയത്ത് അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം രാജ്യം നേരിട്ടിരുന്നു. മൂന്നാം തരംഗത്തില്‍ ഇത് സംഭവിക്കാതിരിക്കാനാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്.
മരുന്നുകള്‍ സംഭരിക്കുന്നതിന്റെ ഭാഗമായി ഔഷധ കമ്പനികള്‍ക്ക് മുന്‍കൂറായി കേന്ദ്രം പണം നല്‍കിയിട്ടുണ്ട്. മൂന്നാം തരംഗത്തിന് മുന്‍പ് 50ലക്ഷം കുപ്പി റെംഡിസിവിര്‍ സംഭരിക്കാനാണ് പദ്ധതിയിടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൂന്നാം തരംഗം ആരംഭിച്ചു കഴിഞ്ഞു. ടുണീഷ്യയില്‍ നാലാംതരംഗമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.