കേരളം
വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധന; 51-100 യൂണിറ്റ് ഉപഭോഗത്തിന് പ്രതിമാസം 70 രൂപ
സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർധനവ് പ്രഖ്യാപിച്ചു. ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യം റഗുലേറ്ററി കമ്മീഷൻ അതേ പടി അംഗീകരിച്ചില്ല.ശരാശരി 6.6 ശതമാനം വർധനയാണ് വരുത്തിയതെന്നാണ് കമ്മീഷൻ പറയുന്നത്.
അഞ്ച് വർഷത്തേക്കുള്ള വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഒരു വർഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധന വേണമെന്നായിരുന്നു കെഎസ്ഈബിയുടെ ആവശ്യം. വ്യാവസായിക നിരക്കും, കാർഷിക ഉപഭോക്താക്കൾക്കുള്ള നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്.
പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകൾക്ക് നിരക്ക് വർധന ബാധകമായിരിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വർധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വർധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവർ മാസം 47.50 രൂപ അധികം നൽകേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കിൽ 70 രൂപ എന്നത് 100 ആക്കി ഫിക്സഡ് ചാർജ്. 250 യൂണിറ്റ് മറികടന്നാൽ ഫിക്സഡ് ചാർജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാൽ ഫിക്സഡ് ചാർജ് 150ൽ നിന്ന് 225 ആകും.
ഗാർഹിക ഉപഭോക്താക്കൾക്ക് അനുകൂല താരിഫാണെന്ന അവകാശവാദത്തോടെയാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതിനിരക്ക് പ്രഖ്യാപിച്ചത്. അനാവശ്യമായി ഒരു വിഭാഗത്തിന് മുകളിലും ഭാരം വരില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു. പുതുക്കി നിരക്ക് പ്രകാരം 40 യൂണിറ്റ് വരെ ബിപിഎൽ വിഭാഗത്തിന് പഴയ നിരക്കിൽ വൈദ്യുതി ഉപയോഗിക്കാം. താരിഫിൽ മാറ്റമില്ല. ഗാർഹിക ഉപഭോക്താകൾക്ക് 50 യൂണിറ്റ് വരേയും താരിഫിൽ മാറ്റമില്ല. അനാഥാലയം, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ എന്നീ സ്ഥാപനങ്ങൾക്കും നിരക്ക് വർധന ബാധകമായിരിക്കില്ല. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ്ജിൽ മാറ്റമില്ല. ചെറിയ പെട്ടികൾക്കൾക്ക് കണക്ട് ലോഡ് ആയിരം വാട്ട് എന്നത് രണ്ടായിരം വാട്ടാക്കി ഉയർത്തി.
പുതുക്കിയ നിരക്കനുസരിച്ച് 10 കിലോവാട്ട് വരെ ലോഡ് ഉള്ളവർക്ക് യൂണിറ്റിന് 15 പൈസ കൂടും. മില്ലുകൾ, തയ്യൽ പോലുള്ളവർക്ക്, ചെറുകിട സംരംഭങ്ങൾക്ക് 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന 25 പൈസ വരെയാവും. കൊച്ചി മെട്രോയ്ക്ക് എനർജി ചാർജ് 4.80ൽ നിന്നും 5.10 രൂപ ആക്കി ഉയർത്തി.ഗുരുതര രോഗികളുള്ള വീടുകൾക്ക് നൽകിവരുന്ന ഇളവുകൾ തുടരും. 2020-21 ൽ കെഎസ്ഇബിയുടെ പ്രവർത്തനലാഭം 10 കോടി രൂപയാണെന്ന് കമ്മീഷൻ അറിയിച്ചു.