Uncategorized
ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടത്തിന് പാർലമെന്റ് അംഗീകാരം നൽകി നേപ്പാൾ
ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടത്തിന് പാർലമെന്റ് അംഗീകാരം നൽകി നേപ്പാൾ. കാലാപാനി, ലുപലേഖ്, ലിംപിയാധുര എന്നീ മൂന്ന് പ്രദേശങ്ങളെ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തി. ഇന്ത്യയുടെ കടുത്ത എതിർപ്പിനിടെയാണ് നടപടി.
പുതിയ ഭൂപടം പ്രകാരം കലാപാനി, ലിപുലെഖ്, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങൾ ചലുമഹ അതിർത്തിയിലാണ്. ചൈനയുമായി 1962 ൽ നടന്ന യുദ്ധത്തിന് ശേഷം ഇന്ത്യ ശക്തമായ സൈനിക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാനമായ മേഖലകളാണ് ഇവ. നേപ്പാളിന്റെ നടപടിക്കെതിരെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഇന്ന് ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ആകെയുള്ള 275 അംഗങ്ങളിൽ 258 പേർ പങ്കെടുത്തു. എല്ലാവരും പുതിയ ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം സർക്കാർ പുതിയ ഭൂപടം പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ് പാർട്ടി അതിനെ പിന്തുണച്ചിരുന്നു. ഭൂപടം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കുക എന്നതാണ് അടുത്തപടി. അവിടെയും വോട്ടെടുപ്പിലൂടെ ഭൂപടത്തിന് അംഗീകാരം നൽകും.