കേരളം
ഒറ്റ ദിവസം, രണ്ട് ബാറുകളിൽ വാളുമായി ആക്രമണം; പ്രതി പിടിയിൽ, ‘കാത്തിരിക്കുന്നത് മറ്റൊരു കുരുക്ക്’
ആറ്റിങ്ങല്‍ നഗരത്തിലെ ബാറുകളില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആറ്റിങ്ങല്‍ വെള്ളൂര്‍കോണം തൊടിയില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (26) പിടിയില്‍. ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ആറ്റിങ്ങല്‍ മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറിലും സൂര്യ ബാറിലുമാണ് വിഷ്ണു ആക്രമണം നടത്തിയത്. വാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫര്‍ണിച്ചറും മറ്റും നശിപ്പിക്കുകയും ജീവനക്കാരെയും കസ്റ്റമേഴ്‌സിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാര്‍ ജീവനക്കാരെ മര്‍ദിച്ച് പണം കവരുകയും ചെയ്തു. ആദ്യം മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറില്‍ ആണ് അക്രമം നടന്നത്. തുടര്‍ന്ന് സൂര്യ ബാറിലും പ്രതി എത്തി ആക്രമണം അഴിച്ചുവിട്ടു. ഈ കേസിലാണ് മുഖ്യ പ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ വിഷ്ണുവിനെ ആറ്റിങ്ങല്‍ എസ്.ഐ അഭിലാഷ്, എ.എസ്.ഐ രാജീവ്, സി.പി.ഒ റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ മാമത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്. കാപ്പ ഉള്‍പ്പെടെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.