കേരളം
കാസര്‍കോടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം
കാസര്‍കോടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മഞ്ചേശ്വരം താലൂക്കിലെ എന്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെയിലെ കര്‍ഷകനായ മനു സെബാസ്റ്റ്യന്റെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്.
രോഗവ്യാപനം തടയുന്നതിന് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എ കെ രമേന്ദ്രന്‍ അറിയിച്ചു. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ഉന്മൂലനം ചെയ്യും.
കൂടാതെ ഈ പ്രദേശത്ത് പന്നികളുടെ അറവോ, മാംസം വില്‍പ്പനയോ, പന്നികളെ കൊണ്ടുപോകാനോ പാടില്ല. പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു.
പ്രഭവ കേന്ദ്രത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ പന്നി കശാപ്പും ഇറച്ചി വില്‍പ്പനയും നിരോധിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ബി സുരേഷ് അറിയിച്ചു. വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി.