കേരളം
കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്
കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി.
സഞ്ജുടെക്കി നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഇവര്‍ സഞ്ജുടെക്കിയുടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് സഞ്ജു ടെക്കിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍, നിയമം അറിയാത്തതിനാലാണ് തനിക്ക് ഇത്തരം തെറ്റുകള്‍ പറ്റിയതെന്നായിരുന്നു സഞ്ജുവിന്റെ വിശദീകരണം.
തൃപ്തികരമല്ലാത്ത വിശദീകരണമാണ് സഞ്ജു നല്‍കിയതെന്നും ഇതിനാലാണ് ലൈസന്‍സ് റദ്ദാക്കുന്നതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. കാറിനുള്ളില്‍ സ്വിമ്മിങ് പൂളൊരുക്കിയുള്ള സഞ്ജു ടെക്കിയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തത്. വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും തീരുമാനിച്ചിരുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളെ പരിഹസിച്ച് സഞ്ജു വിഡിയോ ഇട്ടതോടെയാണ് വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സഞ്ജുടെക്കിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുട്യൂബ് വ്‌ലോഗറുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടായാല്‍ അറിയിക്കണമെന്നുമായിരുന്നു ഹൈക്കോടതി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.