ദേശീയം
രാജ്യത്ത് ബൂസ്റ്റർ ഡോസ് അടിയന്തരമായി നൽകണമെന്ന് ഐ.എം.എ
രാജ്യത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ബൂസ്റ്റർ ഡോസ് നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കും ,പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകണമെന്നും കുട്ടികൾക്കുള്ള വാക്സീനേഷൻ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു.
അതേസമയം ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ മൂന്നാംഡോസ് വാക്സീനിലും കുട്ടികളുടെ വാക്സിനേഷനിലും തീരുമാനം വൈകിയേക്കില്ല. ഇക്കാര്യം ചർച്ച ചെയ്യാനുള്ള കൊവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ യോഗം ദില്ലിയിൽ തുടരുകയാണ്. 21 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ജനിതകശ്രേണീകരണ ഫലങ്ങളും പുറത്തുവരാനിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽ മൂന്നാം ഡോസിലും കുട്ടികളഉടെ വാക്സിനേഷനിലും തീരുമാനം വൈകരുതെന്ന ശുപാർശ സർക്കാരിൻറെ തന്നെ കൊവിഡ് സമിതി മുൻപോട്ട് വച്ചിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഉപദേശക സമിതി യോഗം ചേരുന്നത്. മൂന്നാം ഡോസ് വാക്സീൻ നൽകുന്നതിലും, കുട്ടികളുെട വാക്സിനേഷനിലും മുൻഗണന വിഷയങ്ങൾ സമിതി പരിശോധിക്കുകയാണ്. പ്രതിരോധ ശേേഷി കുറഞ്ഞവർക്കും, മറ്റ് രോഗങ്ങൾ അലട്ടുന്നവർക്കും, പ്രായം ചെന്നവർക്കും മൂന്നാം ഡോസ് ആദ്യം നൽകണമെന്ന നിർദ്ദേശങ്ങളാണ് നിലവിലുള്ളത്.
പ്രതിരോധശേഷി കുറഞ്ഞതും രോഗങ്ങൾ അലട്ടുന്നതുമായ കുഞ്ഞുങ്ങളെ വാക്സിനേഷനിൽ ആദ്യം പരിഗണിക്കാനും സാധ്യതയുണ്ട്. സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശ ആരോഗ്യമന്ത്രാലയം പരിശോധിച്ച ശേഷമാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലും അവലോകനം ചെയ്യും. ഇതിനിടെ ജയ്പൂരിലെ ഒമിക്രോൺ ബാധിതർ പങ്കെടുത്ത വിവാഹചടങ്ങിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്.
25ന് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ സംഘം ഇരുപത്തിയെട്ടിന് ജയ്പൂരിൽ നടന്ന വിവാഹചടങ്ങിലാണ് പങ്കെടുത്തത്. ഉത്തർപ്രദേശ് ദില്ലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും വിവാഹത്തിനെത്തിയിരുന്നു. 100-ലധികം പേർ പങ്കെടുത്തതിൽ 34 പേരുടെ സ്രവം മാത്രമാണ് പരിശോധനക്കായി ശേഖരിക്കാനായത്. അതേ സമയം ഒമിക്രോൺ ബാധിതരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. മുംബൈയിൽ 25 പേരുടെ സാമ്പിളുകൾ കൂടി ജനിതക ശ്രേണീ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കുറച്ച് പേരുടെ ഫലം കൂടി ഇന്ന് വരും. ദില്ലിയിൽ അഞ്ച് പേരുടെ ഫലം ഇന്ന് വന്നേക്കും.