കേരളം
‘കേസ് വന്നാൽ ജയിലിൽ കിടക്കും’; വിനായകന്റെ ചിത്രം കത്തിച്ച് കോൺഗ്രസ് പ്രവർത്തക
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സിനിമ മേഖലയിൽ ഉൾപ്പടെ ഉള്ളവർ വിഷയത്തിൽ വിനായകനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഈ അവസരത്തിൽ വിനായകന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചിരിക്കുകയാണ് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി.
ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും എന്ന് ബിന്ദു ചന്ദ്രൻ പറഞ്ഞു. “എടൊ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും ഞങ്ങളുടെ കുഞ്ഞ്ഞ്ഞിനു വേണ്ടി. കണ്ണേ കരളേ കുഞ്ഞുഞ്ഞേ. ഞങ്ങൾടെ നെഞ്ചിലെ റോസാ പൂവെ”, എന്നാണ് ഫോട്ടോ കത്തിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ബിന്ദു കുറിച്ചത്.
‘‘നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളൂ. എല്ലാ പാർട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യർ പോലും കുഞ്ഞൂഞ്ഞിനെതിരെ പറയാൻ ഒന്നുമില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാൾ അവഹേളിക്കുമ്പോൾ ഈ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. ഒരുപക്ഷേ എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച ആ വലിയ മനുഷ്യനെ ഞങ്ങളുടെ ജീവനെക്കാളേറെ സ്നേഹിക്കുന്നു. ഞാൻ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ അദ്ദേഹതതിന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന വിശ്വാസത്തോട് കൂടി ഈ കർമം നിർവഹിക്കുകയാണ്. ഇതിന്റെ പേരിൽ കേസ് വന്നാൽ ജയിലിൽ കിടക്കാനും ഞാൻ തയ്യാറാണ്”, എന്ന് വീഡിയോയിലും ബിന്ദു പറയുന്നുണ്ട്.