കേരളം
ഇടുക്കി ഡാം തുറന്നു ; പുറത്തേക്ക് ഒഴുകുന്നത് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം
മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന് ആദ്യ സൈറണ്‍ മുഴക്കി. ആദ്യം മൂന്നാമത്തെ ഷട്ടര്‍ ആണ് തുറന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. 35 സെ.മീ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.
ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടുക്കി അണക്കെട്ടില്‍ നിന്നും പെരിയാറിലേക്കൊഴുക്കുന്ന ജലം 4 മുതല്‍ 6 മണിക്കൂറിനുള്ളില്‍ കാലടി, ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഷട്ടര്‍ തുറന്നാല്‍ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്‌ലാ വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും.
എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. തുടര്‍ന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ ചേരും. അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് തുറക്കുന്നത്. 2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍ പതിനൊന്ന് മണിക്കാണ് തുറന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. 2018 ലെ സാഹചര്യം ഇപ്പോഴില്ലെന്നാണ് കെഎസ്ഇബിയുടെയും വിദഗ്ധ സമിതിയുടെയും വിലയിരുത്തല്‍. 2018ല്‍ ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നിരുന്നു.
30 ദിവസത്തിനു ശേഷമാണ് അന്ന് ഷട്ടറുകള്‍ അടച്ചത്. 1063.226 ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളമാണ് അന്ന് ഒഴുക്കിവിട്ടത്. അന്ന് ഒഴുക്കിവിട്ട വെള്ളം കൊണ്ട് 1,500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നായിരുന്നു കണക്ക്. ഇലക്ട്രിക് മോട്ടറിലാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കറങ്ങുന്ന മോട്ടറിനൊപ്പം ഗിയര്‍ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. ചക്രങ്ങളില്‍ കറങ്ങുന്ന ഗിയറില്‍ ഘടിപ്പിച്ച ഉരുക്കു വടങ്ങള്‍ ഷട്ടര്‍ ഗേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 2018ല്‍ 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തുന്നതിനു രണ്ടു മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയാല്‍ ഒരു സെക്കന്‍ഡില്‍ 1,875 രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാകുക. ഒരു മണിക്കൂറില്‍ 67,50,000 രൂപയാണ് നഷ്ടപ്പെടുക.
3 ഷട്ടറും തുറക്കുമ്പോള്‍ നഷ്ടം 2 കോടി കവിയും. ഒരു ഷട്ടര്‍ 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയ ശേഷം താഴ്ത്തുന്നതിന് ഏറെക്കുറെ മൂന്നു മണിക്കൂര്‍ വേണമെന്ന് ജനറേഷന്‍ വിഭാഗം പറയുന്നു. ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒരടി തുറന്നുവിട്ടാല്‍ 850 ദശലക്ഷം ഘനയടി വെള്ളമാണു നഷ്ടപ്പെടുന്നതെന്നും ഇതിലൂടെ പാഴാകുന്നത് 14 കോടി രൂപയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടു തുറന്ന സാഹചര്യത്തില്‍ ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലെ 64 കുടുംബങ്ങളിലെ 222 പേരെ മാറ്റിപ്പാര്‍പ്പിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ക്കായി സ്‌കൂള്‍ കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എല്ലാം അടച്ചു.