കേരളം
തമ്പാനൂർ ബസ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ സി സി റ്റി വി സ്ഥാപിക്കണം; മനുഷ്യാവകാശ കമ്മീഷൻ
ബസ് സ്റ്റേഷനോട് ചേർന്നുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ബസ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർക്കും തമ്പാനൂർ പോലീസ് ഇൻസ്പെക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തമ്പാനൂർ കെ എസ് ആർ റ്റി സി ടെർമിനൽ മോഷ്ടാക്കളുടെ താവളമാകുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തമ്പാനൂർ ബസ് സ്റ്റേഷനിൽ പകലും രാത്രിയും ഓരോ ഗാർഡിനെ വീതം നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബസ് സ്റ്റേഷനോടു ചേർന്നുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ എല്ലാദിവസവും രാത്രികാലങ്ങളിൽ പോലീസ് സാന്നിദ്ധ്യം ഉണ്ടാകാറില്ലെന്ന് റിപ്പോർട്ടിലുണ്ട്. യാത്രക്കാർ ഉപയോഗിക്കേണ്ട കസേരകളും പ്ലാറ്റ്ഫോമും മദ്യപൻമാർ ഉറങ്ങുന്നതിനായി ഉപയോഗിക്കാറുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന് കോർപ്പറേഷൻ ഗാർഡിന് സാധിക്കാതെ വരാറുണ്ട്.
മദ്യലഹരിയിൽ ഉറങ്ങി കിടക്കുന്നവരുടെയും മറ്റ് യാത്രക്കാരുടെയും ബാഗ്, പേഴ്സ്, ഫോൺ തുടങ്ങിയവ നഷ്ടപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വിവരം തമ്പാനൂർ പോലീസ്, സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.യാത്രക്കാർക്ക് പൂർണ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കെ എസ് ആർ റ്റി സി ക്കും ബന്ധപ്പെട്ട പോലീസ് അധികാരികൾക്കുമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടികൾ കെ എസ് ആർ റ്റി സി എം ഡി യും തമ്പാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും രണ്ടു മാസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.