ദേശീയം
ഇലക്ട്രിക് വാഹനരംഗത്ത് വരുന്നത് വന്‍തൊഴിലവസരങ്ങള്‍; 2030ഓടേ രണ്ടുലക്ഷം പേര്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്
2030 ഓടേ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 30 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറുന്നതിന് രണ്ടു ലക്ഷം വിദഗ്ധ തൊഴിലാളികള്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 2030 ഓടേ മൊത്തം വാഹനങ്ങളില്‍ 30 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് യാഥാര്‍ഥ്യമാക്കാന്‍ രണ്ടു ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ആവശ്യമായി വരുമെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ടില്‍ പറയുന്നത്.
തൊഴിലാളികളെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി മൊത്തം 13,552 കോടി രൂപയുടെ ചെലവ് ആണ് പ്രതീക്ഷിക്കുന്നത്. ‘ഞങ്ങള്‍ മുന്നോട്ട് നോക്കുമ്പോള്‍, വാഹന വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പരിമിതികളിലൊന്ന് വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ അഭാവമാണ്,’- സിയാം പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ പറഞ്ഞു.
‘നമ്മുടെ വാഹന വ്യവസായത്തെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിത വ്യവസായമാക്കുന്നതിന് നമ്മുടെ തൊഴിലാളികളെ പുതിയ കഴിവുകള്‍ കൊണ്ട് സജ്ജരാക്കേണ്ടത് അടിയന്തിര ആവശ്യമാണ്. 2030 ഓടേ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റുന്നതിന് പ്രത്യേക വൈദഗ്ധ്യമുള്ള ഒന്നോ രണ്ടോ ലക്ഷം ആളുകളെ ഇന്ത്യയ്ക്ക് ആവശ്യമായി വരും’- സിയാം വൈസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.