കേരളം
വേനല്‍ചൂട് കടുക്കുന്നു; നിര്‍മാണ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കുന്നില്ല
സംസ്ഥാനത്ത് വേനൽ ചൂട് കനക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടുന്നത് നിർമ്മാണ മേഖലയിലെ തൊഴിലാളികളാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കൂർ വിശ്രമം നൽകണമെന്ന ലേബർ കമ്മീഷന്‍റെ ഉത്തരവ് പലയിടത്തും നടപ്പാകുന്നില്ല. പലവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും ചെറുകിട ജോലി ചെയ്യുന്നവരും പൊരിവെയിലിൽ നട്ടം തിരിയുകയാണ്.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരാണ് പെടാപാട് പെടുന്നത്. സംസ്ഥാനത്ത് ലേബർ കമ്മീഷണറുടെ ഉത്തരവ് പ്രകാരം പുറം ജോലി ചെയ്യുന്ന ആളുകൾക്ക് രാവിലെ പന്ത്രണ്ട് മണി മുതൽ 3 മണിവരെ നർബന്ധമായും വിശ്രമം അനുവദിക്കണം. ഈ ഉത്തരവ് എല്ലാ വർക്ക് സൈറ്റിലും നടപ്പിലാകുന്നുണ്ടോ. ഇപ്പോൾ സമയം പന്ത്രണ്ടര. സൂര്യൻ തലമുകളിൽ കത്തി ജ്വലിക്കുന്നു. അപ്പോഴും കൊച്ചിയിൽ പലയിടങ്ങളുലും കെട്ടിട നിർമ്മാണ ജോലി തകൃതിയായി നടക്കുന്നു.
ചിലയിടങ്ങിൽ കോൺട്രാക്ടർമാർ തൊഴിലാളികളെ വിശ്രമിക്കാൻ അനുവദിക്കുന്നുണ്ട്. മറൈൻ ഡ്രൈവിൽ പ്ലൈവുഡ് കൊണ്ടൊരു കാക്കത്തണലുണ്ടാക്കി തളർന്ന് മയങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളി. ഓട്ടോ ഡ്രൈവർമാരും സ്വന്തമായി ചെറുകിട ജോലി നോക്കുന്നവരും മൂന്ന് മണിക്കൂർ വിശ്രമമൊന്നും നടക്കില്ലെന്നാണ് പറയുന്നത്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പൊരിവെയിലും സഹിച്ച് പുറത്തിറങ്ങുകയാണ്.