കേരളം
വിമർശന ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ മജിസ്ട്രേറ്റിനോട് നേരിട്ട് ഹാജരാവാൻ ഹൈക്കോടതിയുടെ നിർദേശം
ഹൈക്കോടതിയെ വിമർശിച്ചതിന്‍റെ പേരിൽ മുൻ മജിസ്ട്രേറ്റിനോട് നേരിട്ട് ഹാജരായി മറുപടി നൽകാൻ നിർദേശം. മോൻസൻ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമശിച്ച പെരുമ്പാവൂർ മുൻ മജിസ്ട്രേറ്റ് എസ്.സുദീപിനോടാണ് ഈ മാസം 23ന് നേരിട്ട് ഹാജരാകാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. മോൻസൻ കേസിൽ ഹൈക്കോടതി അധികാരപരിധി വിട്ടെന്ന സുദീപിന്‍റെ വിമർശനത്തിലാണ് നടപടി.
മുൻ മജിസ്ട്രേറ്റിന് ഈ കേസിൽ എന്തോ പ്രത്യേക താത്പര്യങ്ങളുണ്ടെന്നും മോൻസനെ സംരക്ഷിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കോടതി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ ഫേസ് ബുക് പോസ്റ്റ് പരിശോധിക്കാൻ രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദേശം നൽകി. മോൻസൻ കേസിൽ ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെന്‍റും സഹകരിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഐ ജി ലക്ഷ്മണയ്ക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ തെളിവുകൾ കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിനെതിരെ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. കേസ് എടുത്ത് 58 ദിവസം പിന്നിടുന്പോഴാണ് കുറ്റപത്രം നൽകുന്നത്. കേസ് എടുത്ത് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയതിനാൽ മോൻസൻ സ്വാഭാവിക ജാമ്യം നേടുന്നത് തടയാൻ ആണ് കുറ്റപത്രം വേഗത്തിൽ നൽകിയത്. മോൻസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ.
2018, മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. കേസിൽ വേഗത്തിൽ വിചാരണ തുടങ്ങണമെന്ന അപേക്ഷയും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒരു പോക്സോ കേസ് അടക്കം മറ്റ് മൂന്ന് ബലാത്സംഗ കേസിൽ കൂടി മോൻസനെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.