കേരളം
കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ വിചാരണയ്ക്കു സ്റ്റേ
മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത് സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി. നരഹത്യാക്കുറ്റം ഒഴിവാക്കിയതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.
ശ്രീറാമിന് എതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ ചുമത്തിയ മനഃപൂര്‍വല്ലാത്ത നരഹത്യാക്കുറ്റം അഡീഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. അശ്രദ്ധയോടെയുള്ള പ്രവൃത്തി മരണത്തിനു കാരണമായെന്ന വകുപ്പു കോടതി നിലനിര്‍ത്തിയിട്ടുണ്ട്. ഐപിസി 304എ പ്രകാരമുള്ള ഈ കുറ്റത്തിന് രണ്ടു വര്‍ഷം തടവാണ് പരമാവധി ശിക്ഷ.
മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷനും പൊലീസിനും കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി നടപടി. അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടര്‍വാഹന നിയമത്തിലെ 184 വകുപ്പും ശ്രീറാമിനെതിരെ നിലനിര്‍ത്തിയിട്ടുണ്ട്. വഫയ്‌ക്കെതിരെ 184 മാത്രമാണുള്ളത്.